സ്റ്റീവനേജ്: ഹർട്ഫോർഡ്ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനായ സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
സർഗം സ്റ്റീവനേജിന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷത്തിനിടയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട കമ്മിറ്റി അംഗങ്ങളിൽ നിന്നും മേഴ്സി മാത്യുവിനെ പ്രസിഡന്റായും ജിമ്മി തോമസിനെ സെക്രട്ടറിയായും സിബി കക്കുഴിയെ ഖജാൻജിയായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.
സർഗം സ്റ്റീവനേജിന്റെ ചരിത്രത്തിൽ വനിതാ അമരക്കാരിയാകുന്ന പ്രഥമ കമ്മിറ്റിയിൽ ബിന്ദു ജിസ്റ്റിൻ വൈസ് പ്രസിഡന്റും റൊമാരിയോ ജെറോൾഡ് ജോ. സെക്രട്ടറിയും ഹെൻട്രിൻ ജോ. ട്രഷററുമായി ചുമതല വഹിക്കും.
പുതിയ ഭരണ സമിതിയിൽ സജീവ് ദിവാകരൻ, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിൻ ചാക്കോ, ദിവ്യ രാജ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുകയും ചെയ്യും.